ചൂട്

അച്ചാച്ചന്‍ നട്ട മാവ്
വീട്ടു മുറ്റത്ത്
പുന്‍ചിരിക്കുമായിരുന്നു
മുറിച്ചു കളയാന്‍ വച്ചതിന്‍റെ
തലേന്ന്
അതിന്‍റെ പേടിച്ചുള്ള നിലവിളി
വീട്ടിലെല്ലാവരും കേട്ടതാണ്

നിനക്കതു പറഞ്ഞാല്‍ മനസ്സിലാവില്ല

അച്ചാച്ചന്‍ ഓടിച്ചിരുന്ന
സൈക്കിള്‍
ഓരോ രാത്രിയും
വിറകുപുരയുടെ
ചരിവില്‍
നിന്നുറങ്ങി
രാവിലേ അതിനെ തട്ടിയുണര്‍ത്തണമായിരുന്നു

അച്ചാച്ചന്‍ പണിയിച്ച
ഓടിട്ട വീട്ടില്‍
മഴയും മഞ്ഞും
വന്നു താമസിച്ചിരുന്നു
അലക്കാനിട്ട മുണ്ടും ബനിയനും
കുളത്തിലേക്കെടുക്കുമ്പോള്‍
വല്ലാതെ ഏങ്ങലടിച്ചിരുന്നു

നിനക്കിതും മനസ്സിലാവില്ല

അച്ചാച്ചന്‍റെ കണ്ണടക്കപ്പുറം
കണ്ണൊരുപാട് ആഴത്തിലായിരുന്നു
കണ്ണടയുവോളം
കണ്ട ദൂരമൊന്നാകെ
അതില്‍ നിഴലിച്ചിരുന്നു

ഒന്ന് നിനക്കു മനസ്സിലാകും

അച്ചാച്ചന്‍ മരിച്ചു പോയ ദിവസം മുതല്‍
മാവും
സൈക്കിളും
വീടും
കണ്ണടയും
കാണാതായി

ഇത്രയും
ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട്
കണാരേട്ടന്‍
കീശയിലുണ്ടായിരുന്ന
പെന്‍ സിലെടുത്ത്
ചെവിയിലിട്ട് തിരിച്ചു
പിന്നെ പറഞ്ഞു എല്ലാറും കള്ളന്‍മാരാ...

O നാട്ടുഭാഷയില്‍ ചൂട് പിരാന്ത് വട്ട് എല്ലാം ഭ്രാന്തിനു പര്യായം

5 comments:

  1. ഉമ്പാച്ചീ,എത്ര ഹൃദ്യമാണീ വരികള്‍ ....ഇതാ അഭിനന്ദനത്തിന്റെ ഒരു പൂച്ചെണ്ട്...:)

    ReplyDelete
  2. കുറെ ദിവസായല്ലൊ
    എന്നോട് ഒന്നും പറയാതെ ഒളിഞ്ഞു നടക്കുന്നു.
    ഓ സമാധാനമായി.

    പിന്നെ പ്രതിഭാഷയിലെ എല്ലാ എഴുത്തുകളും വായിച്ചു നേരത്തോടെ വേണം അതിനെ പറ്റി പറയാന്‍
    നേരില്‍ കാണാന്‍ പറ്റുമോ
    ഞാന്‍ കോഴിക്കോട്ട് കാത്തിരിക്കാം
    ഒരിടം പറഞ്ഞാല്‍ അങ്ങോട്ട് വരാം

    ReplyDelete
  3. ഒരുറക്കത്തില്‍ നിന്നു ഞാനുണര്‍‌ന്നപ്പോള്‍
    എന്റെയച്ചാച്ചന്‍ ഉറങ്ങിക്കിടക്കുന്നതു കണ്ടു.
    ഞാനുണര്‍ത്താന്‍ പോയില്ല..
    പാ‍വം ഉറങ്ങിക്കോട്ടേയെന്നു കരുതി.
    പിന്നെയിതു വരെ മയക്കങ്ങള്‍ പോലും മരണങ്ങളെ പോലെ..

    ReplyDelete
  4. ഉമ്പാച്ചീ, എന്താണ് പറയാനുള്ളത്?മഞ്ഞുകാലം പെയ്യുന്നത് എന്ന പോസ്റ്റിന്റെ ചുവട്ടില്‍ എന്റെ പേര് കണ്ടില്ലേ?ഞാനടുത്ത് കോഴിക്കോട്ടേക്ക് വരാന്‍ ഉദ്ദേശിക്കുന്നില്ല.എന്റെ മെയില്‍ ഐ.ഡി:vishnuprasadwayanadATgmail.com
    qw_er_ty

    ReplyDelete
  5. അച്ചാച്ചന്‍ പോയപ്പോള്‍‍ കൂടെ പോയ കുറേ കൂട്ടുകാരുണ്ട്. തൊടിയിലെ ചെമ്പും ഇഞ്ചിയും കഴുത്തിലെ തോര്‍ത്തും മഴക്കാ‍ലത്ത് പുര ചോരുമ്പോള്‍ തിരുകി വെച്ചിരുന്ന കരിമ്പനയുടെ ഓലയും വടക്കേമുറിയിലെ പത്തായത്തിലെ കൂറകളും ഒന്നും പിന്നെ കണ്ടിട്ടില്ല. എന്നെയെന്തേ കൊണ്ട് പോയില്ല എന്ന സങ്കടത്തോടെ ഒരു ചാരുകസേര മാത്രം കോലായിലിപ്പോഴും തൂങ്ങുന്നു.

    ഉമ്പാച്ചീ, മനോഹരം.

    ReplyDelete