ക്ഷണികം


നിന്നിടത്തെല്ലാം
ഇണ ചേരാനുള്ള
ഒരു ക്ഷണം
ഇട്ടേച്ചു
പോവാറുണ്ടെന്ന്
ഒരു മണം പരന്നു

അലസത അടര്‍ത്തിയിടുന്ന
ഷാളറ്റം
ഞെക്കിപ്പൊട്ടിക്കാന്‍
വിട്ട
ഒരു മുഖക്കുരു
വളവു വെട്ടിക്കുന്ന
ബസ്സിനൊപ്പിച്ചുള്ള
ആട്ടവുമിളക്കവും
കണ്ടു നിന്നവരെപ്പോഴും
ഒന്നു ക്ഷണിക്കപ്പെട്ട പോലെ
പരുങ്ങി

വളവില്‍ കൊന്ന
പൂത്തു നിന്നിരുന്നു
അതിനുമപ്പുറം
കോട്ടുവായ കൊണ്ട്
തുറന്നു വിടപ്പെട്ട
ഒരു വിരസത
ഒന്തമിറങ്ങി വന്നിരുന്നു
അതു കണ്ട് ചിരിച്ച്
മുണ്ടിന്‍റെ
മടക്കിക്കുത്തഴിച്ച്
കൊന്നച്ചോട്ടിലിട്ട
പോസ്റ്റ് തൂണിലിരിക്കാന്‍
ഓങ്ങുമ്പോഴാണ്
പറഞ്ഞു കേട്ട നോട്ടം
എതിരേ വന്നത്

വഴിനീളെ
കുറേ നോട്ടങ്ങളിറങ്ങി വന്നു
കണ്ണു കൊണ്ടെങ്കിലും
ഒരു ബന്ധം
സ്ഥാപിക്കാനാകുമോ
എന്നു നോക്കി നിന്നു

അങ്ങനെ നില്‍ക്കുമ്പോള്‍
ഓട്ടോ വന്നു
അടുത്തടുത്തിരുന്ന്
പുറപ്പെട്ടു
അങ്ങാടീല്‍
ഒരിടത്തിറങ്ങി
മരുന്നു ശാപ്പിനു
മുന്നില്‍
പച്ചക്കറിപ്പീടികക്കരികെ
ക്ഷണം കാത്തു
നില്‍ക്കുന്നവരെ കണ്ടു

മീന്‍ ചാപ്പയില്‍ വെച്ച്
പിന്നെയും
നോട്ടമിട്ടു
ക്ഷണിച്ചില്ല
ചത്ത മീനിന്‍റെ
കണ്ണു കിള്ളി നോക്കിയിട്ട്
മീന്‍ വാങ്ങാതെ
ഇറങ്ങിപ്പോയി
തല്‍ ക്ഷണം...

3 comments:

  1. ഒരു ക്ഷണം കൂടി,
    ക്ഷണികം

    ReplyDelete
  2. PODA NINTE ORU Kshanikam,Nottam
    poyi pennu kettan nokk.Allenkil kayilu kuthi nadakk,kavithayil kamam kayariyal kamathil kavithayillathavum. Onnum ithuvare tharappettilley


    narippatta

    ReplyDelete
  3. ഉമ്പാച്ചിയുടെ എല്ലാ കവിതകളിലും പ്രതിഭാ സ്പര്‍ശമുണ്ട്‌.
    ഈ കവിതയും നന്നായിരിക്കുന്നു.
    പക്ഷേ ഉമ്പാച്ചിയുടെ കവിതകള്‍ വായിക്കുമ്പോള്‍ നെറ്റില്ലാതെ ടെന്നീസ്‌ കളിക്കുന്ന പോലെ അനുവാചകന്‌ തോന്നി പോകുന്നു. ഭാഷാ പ്രയോഗത്തിലും ചിഹ്നങ്ങള്‍ വേണ്ട പോലെ ഉപയോഗിക്കുന്നതിലും ശ്രദ്ധിച്ചാല്‍ കൂടുതല്‍ ആസ്വദ്യമാവും.

    ReplyDelete