തോറ്റം

ഞാനും
എന്നെ കൊണ്ട് തോറ്റിരിക്കുന്നു
എത്ര അമര്‍ത്തിപ്പിടിച്ചാലും
മണത്തു തുടങ്ങിയാല്‍
പിന്നാലെ പാഞ്ഞു ചെല്ലും
മീന്‍ കാരനെ കാത്തുനിന്ന
വഴിയിലെ പൂച്ച,

വാ പൊത്തിപ്പിടിച്ചാലും
സഭയില്‍
അസഭ്യമിറക്കിവെക്കും
വിളമ്പും അല്‍പ്പത്തരങ്ങള്‍
വിരുന്നു വീടിന്‍റെ
അടുത്ത വീട്ടുകാരന്‍,

തുടലിട്ട് കെട്ടിയാലും
സദസ്സിന്‍റെ രസച്ചരട്
മുറിച്ചുകളയും
എല്ലുകാണാത്ത വളര്‍ത്തു നായ

എത്ര പടര്‍ന്നു
പകലിനെ മറച്ചാലും
വെട്ടിക്കളയില്ല പുകഴ്ത്തുകള്‍

അതു ന്യായമെന്ന്
ആരും പറയരുതെന്ന
ഒറ്റ ഉദ്ദേശ്യമേയുള്ളൂ
എന്നോട് ഞാൻ തോറ്റു
നീയും തോല്‍വി സമ്മതിക്കണം
ഇനി മരിച്ചാല്‍ കണ്ണടയും

മാന്യദേഹം

അദ്ദേഹം ഇന്നലെ
എന്നോടും സംസാരിച്ചു.
പാതവക്കിലെ പൂത്തുനിന്ന
വിളക്കു മരച്ചോട്ടില്‍ ഞങ്ങള്‍ കണ്ടുമുട്ടി.

പുഴുവിന് അതിന്‍റെ വഴി ധാരാളം,
ഉറുമ്പ് അതിന്‍റെ വഴി വരിയിട്ടെഴുതും
നീ നിന്‍റെ വഴി, നിന്‍റെ വരി
?
ഉത്തരം മുട്ടി
നോട്ടം ദൂരേക്കു നീട്ടി
നില്‍ക്കുന്നേരം
....................
....................
അകലെ നിന്ന്
വെളിച്ചത്തിന്‍റെ
രണ്ടു കണ്ണുള്ള ഒരിരുട്ടിനെ
റോഡ് വലിച്ചു കൊണ്ട് വന്നു,
ഞാന്‍ നോക്കി നില്‍ക്കേ
ആ കള്ളവണ്ടിയില്‍
കയറി
അപ്രത്യക്ഷനായി അദ്ദേഹം.

മഴക്കോന്തല

നനഞ്ഞല്ലോ
മോനെന്ന്
ഉമ്മാമയുടെ
കോന്തല
ഇറയത്തേക്കു നീണ്ടു വരും
തല തോര്‍ത്തും
മഴയുടെ
ഒരു തുള്ളി വെച്ചേക്കില്ല.

നേരം കെട്ട നേരത്തു
വന്നൊരു
കൂത്തിച്ചി മഴ
പുരപ്പുറം
തൂക്കുന്നതിലുള്ള
കലികയറ്റം
ഉമ്മയോടുള്ള
പതിവു
വഴക്കു പോലെ
മൂര്‍ഛിച്ച് മൂര്‍ഛിച്ച്
പതിയേ
നിലക്കും പിന്നെ.

നെറ്റിയിലുന്ന
വെച്ചാണ്`
മഴ ഓമനിക്കുക.
കവിളില്‍ നാറ്റി
ഉമ്മാമയും
ബാക്കിയാവുക
ഒരേ
തണുപ്പും പുതുമണവും

വിട്ടുപോകാത്തവ (മഅറൂഫിന്)

സ്നേഹം
പകരം
പ്രതീക്ഷിക്കുന്നതൊടെ
ദുഖമായിത്തീരുന്ന സമാപനം
O
പ്രതീക്ഷ
ചവറ്റുകുട്ടയിലേക്കു
തിടുക്കപ്പെടുന്നവയില്‍ നിന്നും
എന്‍.ഒ.സിയെ
മാറ്റിനിര്‍ത്തുന്ന ജാഗ്രത
O
ഏകാന്തത
സമയത്തിന്‍റേയും
ഒഴിവിന്‍റേയും
പ്രഭു
ഒരാളാകയാല്‍
ഭൂമിയില്‍
കയറിക്കിടക്കാനിടം കിട്ടാതെ പോയ
ഒറ്റ
O
അക്ര്ത്യത
ഓടിയെത്തുമ്പോഴേക്കും
പുറപ്പെട്ടു തുടങ്ങേണ്ടതിന്‍റെ
ദുര്യോഗത്തില്‍
പെന്ഡുലത്തിന്‍റെ
പഥങ്ങളില്‍ നിന്നുള്ള
പിണങ്ങിയിറക്കം
O
അവ്യക്തത
വെളിച്ചം ഇരട്ട പെറ്റ
കുഞ്ഞുങ്ങളില്‍
ഒന്ന്,
മറ്റേത് സന്ദേഹം
നിഴലിന്‍റെ മടിയില്‍
വളരുന്നൂ അത്
O
പ്രാര്‍ത്ഥന
ആകാംക്ഷയൊഴിഞ്ഞ
ഒരുഞൊടി
നേരത്തെ
ആത്മാവിന്‍റെ
ഏതു ധൂര്‍ ത്തും
ഏതു പിശുക്കും
O
അറിവ്
കണ്ണിലിരുട്ടു
കയറ്റുന്ന
വെളിച്ചതിന്‍റെ മുന
മുറിവ്
O
വിശ്വാസം
കഅബയിലേക്കോ
കര്‍ബലയിലേക്കോ
മുഖം തിരിക്കേണ്ടതെന്നറിയാത്ത,
ആകാശത്തിനു ചുവട്ടിലെ
-ക്ഷമിക്കണം
അമേരിക്കക്കു
ചുവട്ടിലെ അനിശ്ചിതത്വം
-ഒന്നുകൂടി ക്ഷമിക്കണം
നിശ്ചിതത്വം