കാരറ്റ് തിന്നുന്നവര്‍

വരാന്‍ വൈകുന്ന ഭക്ഷണത്തിന്
കാത്തു മടുത്ത്
വിശന്ന്
ഒരു വലിയ പാര്‍ക്കിലിരിക്കുന്ന
നാലു പേര്‍ക്ക്
ഏതൊക്കെ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച തുടരാനാകും

മൊബൈല്‍ ഫോണുകളില്‍
തെരുപ്പിടിപ്പിച്ച
അലക്‍ഷ്യമായ
കൈവിരലുകളാലാവും
എന്തൊക്കെയായാലും
അവര്‍ തുടങ്ങുക

ഭക്ഷണവുമായി
ആളുകള്‍ വരികയും
ആളുകളുമായി
വന്ന് ഭോജ്യങ്ങള്‍ വച്ചു കഴിക്കുകയും ചെയ്യുന്ന
ഒരുപാട്
കൂട്ടു കുടുംബങ്ങള്‍ക്കിടയില്‍
അവര്‍ വിഷപ്പിനെക്കുറിച്ച് എന്ത് പറഞ്ഞാലും
നാലഭിപ്രായങ്ങളും
ഐക കണ്ഠ്യേന കൈകോര്‍ത്ത് പിടിക്കും

ഒരിക്കലും കണ്ടുമുട്ടാത്ത
രണ്ടു ധ്രുവങ്ങള്‍ക്കിടയിലെ പാലമാണു ഭക്ഷണം
എന്നൊരാള്‍ പറയുമ്പോള്‍
തൊട്ടടുത്ത് കഴിഞ്ഞിട്ടും
പാല്‍ പരസ്പരം കൈമാറാത്ത
രണ്ടു മുലകളെപ്പറ്റി
അവരിലിളയവന്‍ ആലോചിക്കുന്നേരം
ഏതു കാത്തിരിപ്പിനേക്കാളും
ദീര്‍ഘമാണ്
തീന്‍ വിളികാത്തുള്ള ഇരിപ്പെന്ന്
മൂന്നാമന്‍ ഇടപെടും

അടുത്തുള്ള
ബാര്‍ബിക്യൂവില്‍ വേവുന്ന ഇറച്ചിമണം
പിടിച്ചു കൊണ്ട്
നാട്ടിലയച്ച ഭാര്യയേയും കുട്ടികളേയും ഓര്‍ക്കാം
നാലാമത്തെയാള്‍ക്ക്

തീറ്റ കഴിഞ്ഞ് വിശ്രമിക്കുന്ന
മീങ്കണ്ണുകളില്‍
ഇരയിടാം
പല ദിക്കുകളിലേക്ക്
മിസ്ഡ് കാളുകള്‍ വിട്ടുകൊണ്ട്
അവരിലെ അവിവാഹിതന്

ഒന്നിനു പിന്നാലെ ഒന്നായി
അടക്കിത്തുടങ്ങേണ്ട വിശപ്പുകളാണ്
കീപാഡില്‍ തൊട്ടുതൊട്ട്
കൂട്ടത്തില്‍ ഇളയവനായ
അവന്‍ കൂട്ടുന്നതെന്നൂഹിക്കാം
അവരെ നിരീക്ഷിക്കുന്ന ആര്‍ക്കും

ബലൂണ്‍ വേണമെന്ന്
ചിരിച്ച് കരയുന്ന കുട്ടിയേയും
അവനെ വാശി പടിപ്പിക്കുന്ന അറബിയെയും
വച്ച്
കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെ
എന്ന് ക്ലാസ്സെടുക്കാം അവരിലൊരാള്‍ക്ക്
വിഷപ്പ് കാരണം അതൊരു നല്ല ക്ലാസ്സാവില്ലെങ്കിലും

പാര്‍ക്കില്‍ മയക്കത്തിലേക്കു വിളിക്കുന്ന
ഉച്ചക്കത്തെ
ചെറുചൂടു കാറ്റുണ്ട്
അതില്‍ വെന്തു വിങ്ങുകയാണല്ലോ
വിശപ്പും
എന്നവര്‍ ആത്മ വിചാരം കൊള്ളുമ്പോഴേക്കും

സലാഡിനു കരുതിയ കാരറ്റ്
തിന്നാന്‍ തുടങ്ങുമന്നേരം
രാവിലെ ഒനും കഴിച്ചിട്ടില്ല എന്ന്
നേരത്തേ പറഞ്ഞു കൊണ്ടിരുന്നയാള്‍

എന്നാല്‍
ഭക്ഷണം തയ്യറാക്കി ഫ്ലാറ്റില്‍ നിന്ന് പോന്ന്
പച്ചകത്തുന്നതും നോക്കി
ട്രാഫിക്ക് ജാമില്‍ വിശപ്പടക്കിപ്പിടിക്കുന്ന
രണ്ട് ചങ്ങാതിമാരും
അവരുടെ ഭാര്യമാരും അത്രയും നേരം
ഏതു കാര്യത്തെ കുറിച്ചാവും ഒന്നും മിണ്ടാതിരുന്നിരിക്കുക

പാര്‍ക്കില്‍ തങ്ങളെ കുറിച്ച്
നടക്കാനിടയുള്ള
ചര്‍ച്ചയുടെ
വിശദാംശങ്ങള്‍ ആലോചിച്ച്
അവരുടെ
വിശപ്പ് തന്നെ കെട്ടിരിക്കും

തങ്ങളെ കുറിച്ചുള്ള
ഒരു സെമിനാറിലേക്ക്
ചെന്ന് ചേരണോ എന്ന് വിഷമിച്ച്
അവരെത്തുമ്പോള്‍
കാരറ്റ് മുഴുവന്‍ തിന്നു തീര്‍ന്നു കാണും

തങ്ങളെക്കുറിച്ചുള്ള ഒരു കവിതയില്‍
വെന്തുകൊണ്ടിരിക്കുന്നതിന്റെ കൂടിയാണ്
ഈ ഉഷ്ണമെന്ന്
അവരിലാരെങ്കിലും മനസ്സിലാക്കിക്കാണുമൊ?

നീ എന്‍റെ ഭാര്യ


ആലോചനയാണ്
ഇപ്പോള്‍ എനിക്ക് പ്രാപിക്കാനാകാത്ത
ഏതോ അജ്ഞാത കേന്ദ്രത്തില്‍
നീയും
ഇതേ ആലോചനകളില്‍ ഇരിക്കുകയാവാം
നിന്നെപ്പറ്റി ആലോചിക്കുന്ന
ഒരാളെപറ്റി
ഇതു പോലെ ആലോചിക്കുന്നു പോലുമുണ്ടാകാം

ഈ ആലോചനയുടെ
ലക്ഷണങ്ങള്‍
എന്റെ വീടിനെ വരെ
ചമയിക്കുന്നുണ്ട്

മീന്‍ മുളകിട്ടു വറ്റിച്ച
കുടുക്ക കഴുകാനെടുക്കുമ്പോള്‍
കല്ലുമ്മക്കായ പൊളിച്ചിട്ട
ഇത്തിളെടുത്തു വന്ന്
കറി പറ്റിപ്പിടിച്ച അടി ചുരണ്ടുന്ന
നീയാകാം ഉമ്മയുടെ പ്രതീക്ഷയില്‍

ദേശ്യപ്പെടലുകളുടെ
കൂറ്റ് പോലും
എത്രയോ കുറച്ചു വച്ചിരിക്കുന്നൂ ഉപ്പ
അകത്തെത്തണ്ട
വാതുക്കലെ വാക്കേറ്റങ്ങള്‍ എന്ന കരുതലോടെ

യഥേഷ്ടം
കയറിയിറങ്ങാമായിരുന്ന അകങ്ങള്‍
അനിയനു നേരെ
ചില വാതിലുകള്‍ വെക്കാന്‍
ആലോചന തുടങ്ങിയ പോലെ അവന്

ചായ കുടിക്കാനിരിക്കുമ്പോള്‍
കറിക്കരിയുമ്പോള്‍
അലക്കാനുള്ളത് പൊതിര്‍ത്തുമ്പോള്‍
ടിവി കാണുമ്പോഴെല്ലാം
ഒരാള്‍ കൂടിയുള്ളതായി
പെങ്ങളുടെ പെരുമാറ്റത്തില്‍

ഞാനുമെന്നെ വിരിച്ചിട്ടു തുടങ്ങി
എത്ര നിവര്‍ത്തിയിട്ടാലും
പിന്നെയും ചുരുണ്ടു കൂടുന്ന
പുത്തന്‍ പായ
നാലു മൂലക്കും ആളിരുന്നോ
തലയണ കനം വച്ചോ
നിലത്ത് നിവര്‍ത്തിയിടുന്ന മാതിരി

മേപ്പടി പ്രതീക്ഷകള്‍ക്കൊത്തുയരണോ
അതിനപ്പുറമിപ്പുറം
നിന്നെ
വിഭാവന ചെയ്യണോ
എന്നുള്ളില്‍ ഒരു ഭാവന വേറെ

ഇത്രയും വെളിപ്പെടുത്തിയ സ്തിഥിക്ക്
കൈമാറിയാലോ
ആലോചനകളന്യോന്യം.

നിദ്രയുടെ മാനിഫെസ്റ്റോ


അറിയപ്പെടാത്തതും
നിലവിലില്ലാത്തതുമായ
ഏതോ ഭാഷയില്‍
ദൈവം നമ്മെക്കൊണ്ട് വായിപ്പിക്കുന്ന
കവിതയാകുന്നു കൂര്‍ക്കം വലി

അതിന്‍റെ
ലൈറ്റും ഷൈഡുമില്ലാത്ത
ദൃശ്യാവിഷ്കാരം സ്വപ്നങ്ങള്‍

എന്നെങ്കിലുമൊരിക്കല്‍
ആ ഭാഷയുടെ
ലിപികളും
സ്വരവ്യഞ്ജനങ്ങളും കൈവരുന്നതോടെ
അതിലെ അക്ഷരമാല
കൂട്ടിവായിക്കാന്‍ കഴിയുന്നതോടെ
ഇത്രയും കാലമായി
ഉപയോഗിച്ച്
പഴകി
ഉറക്കുത്തിയ വാക്കുകളേക്കാള്‍
എത്ര ഭേദം
ഉറക്കത്തിലെ ഈ ശബ്ദങ്ങള്‍
എന്ന്
കൌതുകപ്പെടും നമ്മള്‍

നിദ്രയുടെ മാനിഫെസ്റ്റോ
നമ്മളിലാരെങ്കിലും
എഴുതും

കൂടെക്കിടക്കുന്നവന്‍റെ
കൂര്‍ക്കം വലി
പാശ്ചാത്തല സംഗീതം പോലെ
ശ്രവിക്കപ്പെടുന്ന ഉറക്കം
എന്ന്
അതിന്‍റെ അവതാരിക തുടങ്ങും.

കുമരനെല്ലൂരിലെ കുളങ്ങള്‍(ബൂലോക കവിതയില്‍ നിന്ന്)

ഗ്രാമം
കൂട്ടത്തോടെ വന്നു കുളിക്കുന്ന
കുളങ്ങളെ പറ്റി പറയുമായിരുന്നു
കുമരനെല്ലൂരിലെ കൂട്ടുകാരന്‍,
ഹോസ്റ്റല്‍ ബാത്ത് റൂമിലെ
ഇറ്റുവീഴുന്ന വെള്ളത്തില്‍
അവനാ കുളങ്ങളെ തിരഞ്ഞു പോയിരുന്നു.

വഴികളാണല്ലൊ എപ്പോഴും വലിച്ചിഴക്കുനത്,
അവന്‍റെ വീട്ടിലും പോയി പലവട്ടം.

അതിലൊരിക്കലൊരു
പെണ്‍കുളത്തിന്‍റെ കടവിലൂടെ
ആണുങ്ങള്‍ കുളിക്കുന്ന
പള്ളിക്കുളത്തിലേക്കവന്‍ കൂട്ടി.
കുളിച്ച് മടങ്ങുമ്പോഴും
മറ്റേ കുളം പിടിച്ചുവലി തുടങ്ങി
അതിലേ പോന്നു.

ആളുണ്ടേ
എന്നൊരു മുന്‍വിളി ആദ്യം വന്നു,
എല്ലാ മുന്നറിയിപ്പുകളും പോലെ അതൊരു ക്ഷണമാണ്.
ഉണങ്ങാനിട്ട
നനഞ്ഞ ഉടുപ്പുകളുടെ
ചെടിപ്പടര്‍പ്പുകളുടെ മുകളിലെ
ചാഞ്ഞുകിടത്തം കണ്ടു,
കാറ്റ് നേരെ കിടക്കാനയക്കില്ലവയെ.
കുളപ്പടവിലുണക്കമായ
സാബൂന്‍പുറ്റുകള്‍
വെള്ളത്തിലേക്ക് തെറിപ്പിച്ചു
പെരുവിരല്‍ തരിപ്പുകള്‍,
അതൊരു ശ്രദ്ധ ക്ഷണിക്കലാണ്.
നീന്തം പടിച്ചുപോയ
കുട്ടികളുടെ
ശ്വാസം മുട്ടലുകള്‍ കേട്ടു,
ഇതു കവിത തന്നെ എന്നൊരുറപ്പിന്.

ഇട്ടതുകൂടി നനച്ചിടാനുണ്ട്
പോണുണ്ടോ നിങ്ങള്‍
എന്നൊരു നോട്ടം
കുളപ്പടവുകള്‍ കയറി
മുകളിലേക്ക് വരുന്നതു വരെ
ഓരോന്നോരോന്നായി കണ്ടു.

അവിടന്നിങ്ങോട്ട്
കുളിക്കാന്‍ കേറിയാല്‍
അത്തരം കുളങ്ങളായി
ജനിക്കാഞ്ഞതെന്തേ മുറികളേ
എന്നൊരു കുളിപ്പക
കുളിമുറിക്കുള്ളില്‍ പതക്കാന്‍ തുടങ്ങി,
ഷവറിനു ചുവട്ടില്‍
നനഞ്ഞു നില്‍ക്കുമ്പോഴെല്ലാം
അതേ കുളത്തിന്‍റെ വറ്റിയ രൂപമായി
അരികിലെ ബാത്ത് ടബ്ബ് മാറാന്‍ തുടങ്ങി.

വഴികള്‍ തന്നെയാണല്ലോ
കുമരനെല്ലൂരിലെ കൂട്ടുകാരനേയും
വലിച്ചിഴക്കുക....
അടുത്തെങ്ങോ ഉണ്ടെന്നു കേട്ട
അവനെ
വെളുത്ത
പെണ്ണുങ്ങളും
കറുത്ത പെണ്ണുങ്ങളും
തുരു തുരാ വന്നു പോകുന്ന
കടയില്‍ കണ്ടെത്തി.
കുളിക്കാന്‍
നേരവും തരവും കിട്ടാത്തവര്‍ക്ക്,
കുളിനിന്നവര്‍ക്കൊക്കെ
മേത്തുപുരട്ടാനുള്ള
പലതരം ക്രീമുകള്‍
കയറ്റി അയക്കുന്ന
കാര്‍ട്ടണുകള്‍ക്കിടയില്‍
അപ്പോള്‍ കുളിച്ചിറങ്ങിയ ചേലില്‍
അവന്‍.... നല്ല താളിയുടെ മണം

രൂപാന്തരം

പത്മിനിയെ
പ്രണയം
പത്നിയാക്കി

ദാമ്പത്യം
പന്നിയാക്കി
അയാള്‍
അങ്ങനെ വിളിച്ച് തുടങ്ങിയതോടെ.