വൈകുന്നേര കവിത

വൈകീട്ട്‌
തൊട്ടു താമസിക്കുന്ന വീട്ടിലെ
കുട്ടി വന്നിട്ട്‌
കാലു പിടിക്കുന്നൂ
അവനൊരു കവിത വേണം
അരപ്പായ
വെള്ളക്കടലാസുമായ്‌
അവന്റമ്മയും വക്കാലത്തിന്‌

കൈ കഴുകീട്ട്‌
തുണി കൂട്ടി തൊടണമത്രയും
നല്ലവളയല്‍ക്കാരി
ചോദിച്ചിട്ടൊരു
കവിത കൊടുക്കാത്തവനെന്തു
കവിതക്കാരനിടവലക്കാരന്‍

'രാവിലെ'യാണു
ടീച്ചറു കൊടുത്ത വിഷയം
എന്തെഴുതാനാണു ഞാന്‍
കവിതയാക്കാമോ രാവിലത്തെ
വെളുപ്പിനെ,തിരക്കിനെ
കവിത തേടുന്നവരും
കൂടെ ഞാനും, മുന്നില്‍ കാണാം
വെളുത്തു വരുന്നൊരു ലോകം

"രാവിലെ"

എത്ര വിളിച്ചാലുമുണരാ
മരങ്ങളെ
നെറും തലയില്‍
വെള്ളമിറ്റിച്ചുണര്‍ത്തിയതാണാകാശം
ഇലകളിലുണ്ടതിന്‍ കുഞ്ഞുനനവ്‌

മരക്കൊമ്പില്‍ പിന്നെയും
തല ചായ്‌ച്ചുറങ്ങൂന്നൂ വെയില്‍
ചില്ലകള്‍ വീശിക്കുടഞ്ഞ്‌
ഉണര്‍ന്നു വരുന്ന കിളികളെ
പല്ലു തേപ്പിക്കുകയാണു കാറ്റ്‌
കാറ്റിലവയുടെ കുഞ്ഞുവാമണം

സ്‌കൂളില്ലിവര്‍ക്കൊന്നും
അതാവുമിത്ര പെട്ടന്നെല്ലാരും
കണ്ണു തിരുമ്മി എഴുന്നേറ്റത്‌...

കേല

വെളിച്ചത്തിന്റത്ര
സുതാര്യമായ
മഷി നിറച്ചു വച്ചിട്ടുണ്ട്
തലക്കകത്ത്
സ്വപ്നങ്ങൾ വരക്കുന്നതിന്

ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും
കിടക്കുന്നേരമുള്ള
ഇളക്കത്തിൽ തട്ടി മറിയുന്നതാണ്
നിറച്ചു വച്ചൊരാ മഷിപ്പാത്രം

സ്വപ്ന ജീവിയായ
ഒരു കലാകാരനു മാത്രം
വരക്കാനാകുന്ന
നേർത്ത നിറപടങ്ങൾ കോറുന്നതാണ്
തല ഇണയിലന്നേരം

ഭൂമിയിലില്ലാത്ത
ദേശങ്ങളുടെ ഭൂപടങ്ങൾ
ആകൃതി ഭംഗം വന്നു
ഭംഗിയായ നിലങ്ങൾ
മോഹനിദ്രയിലെ റിപ്പബ്ലിക്കുകൾ
തല ചായ്ച്ചിടങ്ങളിലെല്ലാം
നിറം കെട്ടവയ്ക്കു മീതെ
വെളിച്ചത്തിന്റെ സൂചന, രചന

കിടക്കവിരിയിൽ മെഴുക്കു പുരട്ടുന്ന
ഈ ഒലിച്ചിറക്കമാണു
സത്യത്തിൽ സ്വപ്ന സ്ഖലനം
കൂട്ടു കിടക്കുന്ന ഇണ
തലയിണയായ കാരണം
ആ പേരും കിട്ടിയില്ലെന്നു മാത്രം

വിശന്നുറങ്ങുന്നവന്റെ ദ്രവം
സ്വപനത്തിൽ പൊടിച്ച മരങ്ങളുടെ നീര്
വെയിലത്തു വിയർക്കുന്നവന്റെ രക്തം
അവർണ്ണം ദുർമണം
മറ്റേത് വിശപ്പറിയാത്തവന്റെ ദ്രവ്യം ശുക്ലം


തലക്കകത്തെ വെളിച്ചത്തിന്റെ മഷിയാണ്
സ്വപ്നങ്ങൾ വരക്കുകയായിരുന്നു
തട്ടി മറിഞ്ഞതാണ്
പതുക്കെ പരന്നതാണ്, പതിഞ്ഞതാണ്
ക്ഷമിച്ചേക്കണം...



ബൂലോകകവിതയുടെ അരാജ്യകകവിതകൾ ലക്കത്തിൽ നിന്ന്.