സംസ്‌കാരത്തിലെ ഉരക്കടലാസ്‌

ഇ.പി രാജഗോപാലന്‍

ഭാഷ വളരുമ്പോള്‍ .... എന്നെഴുതിക്കൊണ്ട്‌ ഈ കുറിപ്പ്‌ തുടങ്ങാനാണ്‌ ആലോചിച്ചത്‌. സമൂഹം വളരുമ്പോള്‍ ഭാഷ വളരും എന്ന ചിന്ത ആ വാക്യം ഒഴിവാക്കാനുള്ള പ്രേരണയായിരിക്കുന്നു. എന്താണ്‌ `വളര്‍ച്ച? ' കൂടുതല്‍ സാമ്പത്തിക സൗകര്യങ്ങള്‍, സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ കൂടുതലാളുകള്‍ക്ക്‌ കിട്ടല്‍, ജനാധിപത്യം എന്നിവയെയൊക്കെ വളര്‍ച്ചയുടെ പ്രമേയത്തില്‍ ചേര്‍ക്കാം. ഇതോടൊപ്പം സംവാദാത്മകത, വിമര്‍ശനാത്മകത, ആത്മാഭിമാനം, പ്രകൃതിയെ അറിയലും രക്ഷിക്കലും, സമതാബോധം എന്നിവയും ചേരുമ്പോഴാണ്‌ വളര്‍ച്ച നന്മയായിത്തീരുക. പുതിയ മുതലാളിത്തം രണ്ടാമതു പറഞ്ഞ കാര്യങ്ങള്‍ക്ക്‌ പരിഗണന കൊടുക്കാന്‍ ഒരുക്കമല്ല. അവയ്‌ക്ക്‌കൂടി പ്രാധാന്യം സ്വാഭാവികമായി കിട്ടുമ്പോഴേ ഭാഷ വളരൂ. മുതലാളിത്തത്തിന്റെ പുതിയ വഴക്കങ്ങളനുസരിച്ച്‌, ഭാഷയുടെ വളര്‍ച്ച നല്ലതുമല്ല. കാരണം വാക്കുകളുടെ ശക്തിയിലും അനായാസമായ പ്രയോഗത്തിലും വിനിമയ സാധ്യതയിലും വിശ്വാസമര്‍പ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന, ജീവിക്കുന്ന സമൂഹത്തില്‍നിന്ന്‌ ധീരമായ, സര്‍ഗാത്മകമായ പ്രതികരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇത്‌ ഇന്നത്തെ മുതലാളിത്തം ആഗ്രഹിക്കുന്നില്ല. അതിനാല്‍ നവോത്ഥാന കാലത്തുനിന്ന്‌ വ്യത്യസ്‌തമായി, ആധുനികതയുടെ സന്ദര്‍ഭത്തില്‍നിന്ന്‌ വ്യത്യസ്‌തമായി, ഭാഷയുടെ ഊര്‍ജത്തെയും പലമയെയും ചെറുക്കുകയും ചെറുതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ്‌ വിവിധ വ്യവസ്ഥാനുകൂല സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഭാഷയെ പൊള്ളയാക്കുക, പ്രാദേശിക ഭേദങ്ങളെ നിരപ്പാക്കുക, പ്രയോഗങ്ങളെ ഔപചാരികവും യാന്ത്രികവുമാക്കുക, സൂക്ഷ്‌മത കുറഞ്ഞ ഒരു പൊതുഭാഷയില്‍ സമൂഹം പിടിച്ചുതൂങ്ങുന്ന അവസ്ഥയുണ്ടാക്കുക, സാഹിത്യം എല്ലാവരുടെയും സന്ദര്‍ശന സ്ഥലമാവുന്നത്‌ തടയുക, ക്ലിഷെകളുടെ നിരകള്‍ ഉണ്ടാക്കുക തുടങ്ങി പലപല ചെയ്‌തികളിലൂടെ ഒരു ദേശീയതയെ ഭാഷാദരിദ്രമാക്കാന്‍ പുതിയ മുതലാളിത്തം സമര്‍ഥമായി ശ്രമിച്ചുവരുന്നു; ഈ ശ്രമത്തില്‍ നല്ലൊരളവില്‍ ജയിക്കുകയും ചെയ്യുന്നുണ്ട്‌. ഇന്നത്തെ സാഹിത്യത്തിന്‌ മറ്റു പല കാര്യങ്ങള്‍ക്കുമൊപ്പം ഇതിനെതിരായ സര്‍ഗസമരംകൂടി ഏറ്റെടുക്കേണ്ടതായി വരുന്നു. ഇത്രയുമെഴുതിയത്‌ ഒരു കാര്യം മുന്നില്‍ കണ്ടുകൊണ്ടാണ്‌. മലയാളത്തില്‍ ഇന്ന്‌ നൂറുകണക്കിനാളുകള്‍ കവിതയെഴുതുന്നതിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ശപിക്കുകയുമൊക്കെ ചെയ്യുന്ന ഒരു ശീലം പലര്‍ക്കുമുണ്ട്‌. പുതിയ കവിത വായിക്കാതെയാണ്‌ അവരില്‍ പലരുമങ്ങനെ ചെയ്യുന്നത്‌ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്‌. നൂറുകണക്കിനാളുകളില്‍നിന്ന്‌ ആയിരക്കണക്കിന്‌ കവിതകള്‍ വരുന്നത്‌ മുകളില്‍ പറഞ്ഞ ഭാഷാ ശോഷണത്തിന്‌ എതിരായ, ചെറിയതെങ്കില്‍ ചെറിയ, സമരമാണ്‌ എന്നു കാണാന്‍ ആളുകളില്ലാതെ വരുന്നത്‌ കഷ്ടമാണ്.

'കലികാലത്തില്‍ കവികളും വഴികളും കൂടും. ഒറപ്പാണ്‌. ഭാഗവതത്തിലുണ്ട്‌ ' എന്നു പറഞ്ഞ്‌ പുതിയ കവിതയെ ശകാരിക്കുന്ന ഒരു സീനിയര്‍ സുഹൃത്ത്‌ ഈ ലേഖകനുണ്ടായിരുന്നു. ഈ വക നിലപാടുകള്‍ക്കെതിരെ പുതിയ കവിതയും ഭാഷയുടെ പലമയെ ഘോഷിക്കുന്ന, അതിന്റെ ഊര്‍ജത്തെ സംരക്ഷിക്കുന്ന, `പ്രാദേശികങ്ങളെ` പ്രയോഗങ്ങളാക്കുന്ന മലയാള പ്രവൃത്തിയാണെന്ന്‌ വീണ്ടും വീണ്ടും പയയേണ്ടിവന്നിരിക്കുന്നു. ഇത്രയേറെ ആളുകള്‍ കവിതയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ പ്രശസ്‌തിമോഹം മാത്രമാണെന്ന്‌ പറയുന്നതില്‍ തെറ്റുണ്ട്‌. കണ്ണടയ്‌ക്കാന്‍ മടിക്കുന്ന ഒരു സമൂഹേച്ഛ കവികള്‍ കൂടുന്നതിന്റെ കാരണമായുണ്ട്‌. ഭാഷയുടെ ശക്തി കാട്ടാനുള്ള തീര്‍പ്പ്‌ തന്നെയാണ്‌ അത്‌. അതിവേഗം യാന്ത്രികവും കേവല യുക്തി നിറഞ്ഞതും ഉപഭോഗവാദാനുസൃതവും ഉപകരണവാദപരവും ഔപചാരികവുമാക്കപ്പെടുന്ന ഒരു ഭാഷയുടെ അതിജീവന ത്വരയാണ്‌ പുതിയ കവിതയിലൂടെ വെളിപ്പെടുന്നത്‌. കവിത വൃത്തത്തില്‍ വേണ്ട എന്ന സൗകര്യമാണ്‌ കവിതകള്‍ ഇത്രയും ഉണ്ടാകുന്നതിന്റെ കാരണം എന്നും പറഞ്ഞുകേള്‍ക്കാറുണ്ട്‌. അച്ചടി വരുന്നതോടെ, കവിതയധികവും കേള്‍വിയല്ലാതെ കാഴ്‌ച (വായന)യായിത്തീരുന്നതോടെ വൃത്തം വലിയൊരളവില്‍ അപ്രധാനമായി മാറുന്നുണ്ട്‌. വൃത്തം സംഗീത പദ്ധതിയാണ്‌, ചൊല്ലല്‍ വേളകളിലാണ്‌ അതുണരുന്നത്‌. ഒറ്റക്കിരുന്നുകൊണ്ടുള്ള നിശബ്ദ വായനയില്‍ വൃത്തത്തിന്‌ ഒന്നും ചെയ്യാനില്ല. വൃത്തവുമായുള്ള മല്ലടിക്കല്‍കൊണ്ട്‌ പല കവിതകളിലും ആവിഷ്‌കാരം ബുദ്ധിമുട്ടനുഭവിച്ചിട്ടില്ലേ എന്ന്‌ വായനക്കാര്‍ക്ക്‌ അന്വേഷിച്ച്‌ നോക്കാന്‍ കഴിഞ്ഞാല്‍ എപ്പോഴും `ഇല്ല` എന്ന ഉത്തരമല്ല കിട്ടുക. കവിതയുടെ നന്മയുമായി വൃത്തത്തിന്‌ മുറിച്ചെറിയാനാവാത്ത ബന്ധമില്ല.വൃത്തത്തെ സര്‍ഗാത്മകമായി ഉപയോഗിക്കാതെ, വെറും പദ്യം കവിതയാണെന്ന ഭാവത്തില്‍ എഴുന്നള്ളിക്കുന്നത്‌ നമ്മുടെ നാട്ടിലും പതിവായിരുന്നു. വൃത്തം കവിതയുടെ ഒരു ആഖ്യാന തന്ത്രമാണ്‌. അതൊഴിവാക്കിയും കവിതക്ക്‌ ജീവിക്കാം.

കുമാരനാശാനില്‍ കൂടിയ സംസ്‌കൃതവും വൃത്തത്തിനായുള്ള പദവിന്യാസങ്ങളും കണ്ട ചില വായനക്കാരെങ്കിലും ആശാന്‍ ഗദ്യത്തിന്റെ സ്വാതന്ത്ര്യം എടുത്തിരുന്നെങ്കില്‍ കൂടുതല്‍ വലിയ കവിയാകുമായിരുന്നു എന്ന്‌ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. വൃത്തമല്ല ആശാനെ മഹാകവിയാക്കുന്നത്‌. ആശാനെക്കുറിച്ച്‌ വന്ന, മര്‍മസ്‌പര്‍ശിയായ പല പുതിയ പഠനങ്ങളിലും വൃത്തവിചാരം ഒട്ടും ഇല്ല എന്ന കാര്യം യാദൃച്ഛികമല്ല. വൃത്തം എന്ന സാങ്കേതിക പദ്ധതിയല്ല ഭാഷയായിത്തീരുന്ന ലോകാനുഭവങ്ങളുടെ ഭാവവൈചിത്ര്യമാണ്‌ കവിതയുടെ നന്മയെ നിശ്ചയിക്കുന്നത്‌. ഗദ്യത്തിന്റെ വളര്‍ച്ചയോട്‌ കൂടുതല്‍ ബന്ധപ്പെട്ട്‌ വായിച്ച്‌ മുന്നേറിയ, കഥയിലും നോവലിലും സ്വന്തം നാടിനെ കണ്ടറിയുന്ന, ജനതക്ക്‌ കവിതയിലെ സൂക്ഷ്‌മ ഗദ്യത്തിലെ വൃത്തനിരാസം ഒരു സ്വാഭാവികാനുഭവമായി കണക്കാക്കാനാവും. വൃത്തത്തില്‍നിന്നുള്ള വിടുതല്‍ കൂടുതല്‍ ലോകാനുഭവങ്ങളുടെ കണ്ടെത്തലിനും സ്ഥാനപ്പെടുത്തലിനുമാണ്‌ എഴുത്തുകാരെ പ്രാപ്‌തരാക്കിയിരിക്കുന്നത്‌. വൃത്തമില്ലാത്തതിന്റെ പേരില്‍ കൂടുതലാളുകള്‍ കവിതയില്‍ വരികയും അവരുടെ കവിതകള്‍ കൂടുതലായി വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍, സമൂഹം ആ നിരാസം ആഗ്രഹിച്ചിരുന്നു എന്നുതന്നെ കാണേണ്ടിയിരിക്കുന്നു.


പ്രമേയപരമായി പുതിയ കവിതക്ക്‌ ശ്രദ്ധേയമായ ചില ഊന്നലുകള്‍ സാധിച്ചിട്ടുണ്ട്‌.
ഒന്ന്‌: 
കവിത വീട്ടില്‍നിന്നിറങ്ങി, പുറത്തെത്തി ലോകത്തെ കാണുന്നു. വീടിനെതന്നെ വേറെയൊന്നായി സ്ഥാനപ്പെടുത്തുന്നു. മുതലാളിത്തം എല്ലാവരെയും വീട്ടുവിലാസത്തിലേക്ക്‌ ചുരുക്കിയെഴുതാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്‌ പ്രതിരോധാത്മകമായ നീക്കമാണ്‌. വീടിനെ ഉപഭോഗ വാസനയുടെ ആലോചനാ മുറിയും ഉപഭോഗ വസ്‌തുക്കളുടെ സൂക്ഷിപ്പ്‌ സ്ഥാനവും ഇതുമായി ബന്ധപ്പെട്ട നിത്യമായ അതൃപ്‌തിയുടെ ആലയമായും മുതലാളിത്തം മാറ്റിയെടുക്കുമ്പോഴാണ്‌ കവിതയുടെ ബദലായ ശ്രമം.
രണ്ട്‌) 
വ്യവസ്ഥ വലിയവയെ മാത്രം തുണയ്‌ക്കുന്നു. കവിത ചെറിയവയുടെ സ്ഥാനത്തെയും അറിയുന്നു.
മൂന്ന്‌) 
വ്യവസ്ഥ സ്ഥലങ്ങളെ ഒരേപോലെയാക്കുന്നു, കവിത സ്ഥലങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നു. പ്രാദേശീയത എന്ന വാക്ക്‌ കവിതക്കുവേണ്ടി സജീവമാകുന്നു.
നാല്‌) 
വ്യവസ്ഥ പ്രകൃതിയെ ചരക്കായി കാണുന്നു. കവിത പ്രകൃതിയെ ഭാവപ്പലമയില്‍, ബന്ധപ്പലമയില്‍ പാഠവത്‌ക്കരിക്കുന്നു.
അഞ്ച്‌) 
കവിത കവിതക്ക്‌ മാത്രം സാധ്യമായ അറിവ്‌ ഉണ്ടാക്കിക്കൊണ്ട്‌ സ്വന്തം നിലനില്‌പിനെ സാധൂകരിക്കുന്നു.
ആറ്‌) വാക്കിന്‌ അര്‍ഥമായി മാത്രമല്ല ശബ്ദമായും നിലനില്‌പുണ്ട്‌ എന്നറിഞ്ഞ്‌ ഒരു വാക്കിന്റെ ശബ്ദഘടന, സംസ്‌കാരത്തിലെ മറ്റു പലതിനെയും വിളിച്ചുണര്‍ത്തുന്നുണ്ട്‌ എന്ന്‌ കവിത തെളിയിക്കുന്നു.
ഏഴ്‌) 
കവിത പൊള്ളുന്ന തമാശകള്‍ പറയുന്നു.
എട്ട്‌) 
കവിത സ്വയം ചലനാത്മകമാവുമ്പോള്‍ തന്നെ, പാരമ്പര്യത്തെ സമകാലികമായ വായനക്ക്‌ വിധേയമാക്കുന്നു.
ഒന്‍പത്‌) 
മധ്യവര്‍ഗികളായ കവികള്‍ക്ക്‌ കവിതയെ സ്വന്തം വര്‍ഗാസ്‌തിത്വത്തിന്റെ വിശകലനമായി മാറ്റാന്‍ കഴിയുന്നു. മധ്യവര്‍ഗത്തെ മൊത്തത്തില്‍ ഉപഭോഗലോകത്തിലെ ആദര്‍ശാത്മക പ്രജകളാക്കാനുള്ള മുതലാളിത്തഹിതത്തിന്‌ ഇത്‌ എതിരാണ്‌.
പത്ത്‌) 
ക്ലിഷെകളില്‍നിന്ന്‌ വിടുതല്‍ നേടുക എന്നത്‌ കവിതയുടെ സ്ഥിരം തീര്‍പ്പായിത്തീരുന്നു. പുതിയ നോട്ടങ്ങളും പദച്ചേര്‍ച്ചകളും ബിംബവിന്യാസവും കവിതയെ ആരോഗ്യമുള്ള ഭാഷാരൂപവും ജീവിതവസ്‌തുവുമാക്കുന്നു.

അനൗപചാരികതയുടെ സര്‍ഗാത്മകത കവിതയില്‍ പല രൂപത്തില്‍ തെളിയുന്നു. ആധുനികതയടക്കമുള്ള കാവ്യകാലങ്ങള്‍ ഒഴിവാക്കിയ സാധാരണതയുടെ അസാധാരണതയെയാണ്‌ പുതിയ കവിത ഏറ്റവുമധികം കണക്കിലെടുക്കുന്നത്‌. നിസ്സാരം എന്ന തോന്നലില്‍ ശീലമോ വാശിയോ മാത്രമാണ്‌ ഉള്ളത്‌ എന്നും ഒന്നും നിസ്സാരമല്ല എന്നുമുള്ള ഒരു സാരം പുതിയ കവിതക്കുണ്ട്‌. വിപരീത ദ്വന്ദ്വങ്ങളായി മാത്രമല്ല ലോകത്തെ കാണേണ്ടത്‌ എന്ന ബോധം ഇന്നത്തെ കവിതയെ നാടകീകരിക്കുന്നുമുണ്ട്‌. റഫീക്‌ തിരുവള്ളൂരിന്റെ `സാന്റ്‌ പേപ്പര്‍` എന്ന കവിത (ബ്ലോഗിലാണ്‌ ഇതാദ്യം വന്നത്‌. പിന്നീട്‌ അന്‍വര്‍അലി `കേരള കവിത 2010`ലേക്ക്‌ തെരഞ്ഞെടുത്തു) നോക്കാം. പെങ്ങളുടെ കല്യാണം നിശ്ചയിച്ചു. വീട്ടില്‍ ഒരുക്കങ്ങള്‍. ചുമരുകള്‍ വെള്ള വലിപ്പിക്കുകയാണ്‌ ഉപ്പ (ഇതിലെ പ്രയോജകക്രിയ ശ്രദ്ധേയം). ഉമ്മ സ്വയം ചെയ്യുന്നു `വാതുക്കലെ/കട്ട്‌ള/ഉരച്ചു/വെളുപ്പിക്കുകയാണുമ്മ.` ആഖ്യാതാവായ `ഞാന്‍` ഓഫീസിലേക്കിറങ്ങാനുള്ള തിടുക്കത്തിലുമാണ്‌. ഉരക്കടലാസുകൊണ്ടുള്ള പ്രവൃത്തി കട്ടിലപ്പടിയില്‍ എന്തൊക്കെയോ തെളിയിക്കുന്നു. മൂത്ത പെങ്ങളുടെ സങ്കടമൂക്കട്ടയുടെ ബാക്കി, ആശാരിയുടെ മുഴക്കോലിന്റെ വക്ക്‌, മുത്തശ്ശിത്തൈലമണം, സ്റ്റിക്കര്‍ മിഠായിപ്പശ, നെടുവീര്‍പ്പുകളുടെ കനം....ഓരോ അടരായി ഇതൊക്കെ തെളിയുന്നു. ഇത്‌ സാധാരണ കാഴ്‌ചകളാണ്‌. എന്നാല്‍ അത്‌ കുടുംബ ചരിത്രമാണ്‌. ഇതുകൂടി ഓര്‍ത്തുകൊണ്ടേ കല്യാണം എന്ന പുതിയ സന്ദര്‍ഭത്തിലേക്ക്‌ ആ കുടുംബത്തിന്‌ ഇറങ്ങാനാവൂ.

ഓര്‍മയുടെ സ്വാഭാവികമായ വരവിനെ കവിത ഇങ്ങനെയൊരു കാര്യം വഴി സ്ഥാനപ്പെടുത്തുന്നു. ഉമ്മ കട്ടിലപ്പടി ഉരയ്‌ക്കുന്നു എന്ന ചിത്രം അര്‍ഥശേഷി നല്ലവണ്ണമുള്ളതാണ്‌. കുടുംബത്തിന്റെ ഓര്‍മകളുടെ കാര്യദര്‍ശിയാണ്‌ ഉമ്മ. കുടുംബത്തിലെ നന്മതിന്മകളെല്ലാം കയറിയിറങ്ങുന്ന സ്ഥാനമാണ്‌ ഉമ്മറപ്പടി. ഓര്‍മകളുടെ കുടിയിരിപ്പ്‌ എന്ന നിലയില്‍ കാണാവുന്ന ഇടം തന്നെ അത്‌. കവിത അടുത്ത പടിയില്‍, കുടുംബത്തില്‍ നിന്ന്‌ പൊടുന്നനെ നാടിന്റെ ഗതിയിലേക്ക്‌ വരുന്നു. പണിക്കാര്‍ ഉമ്മയോട്‌ സാന്റ്‌പേപ്പറുണ്ടോ എന്ന്‌ ചോദിക്കുന്നു. ഉമ്മ വാതില്‍പ്പടി ആ സാമഗ്രി വെച്ച്‌ ഉരച്ചുകൊണ്ടിരിക്കയാണ്‌. അതിന്‌ സാന്റ്‌പേപ്പര്‍ എന്ന്‌ പേരുണ്ട്‌ എന്നുമാത്രം ഉമ്മക്കറിയില്ല. ഉരക്കടലാസ്‌ എന്ന തികഞ്ഞ പേരുണ്ടായിരിക്കേ വേറെയൊരു പേരിന്റെ ആവശ്യമില്ല എന്ന ഉറപ്പാണ്‌ ഉമ്മയുടെ ഉള്ളടക്കം. അതിനാല്‍ അവര്‍, മകനത്‌ വാങ്ങിക്കാന്‍ വിട്ടുപോയിരിക്കണം എന്നും ഉരക്കടലാസ്‌ മതിയെങ്കില്‍ ഇതാ എന്നും പണിക്കാരോട്‌ പറയുന്നു. ഭാഷയുടെ സ്വാഭാവികതയെയും സുതാര്യതയെയും അധിനിവേശ വിപണിയുടെ ഭാഷ ആക്രമിക്കുന്നതിന്റെ ലളിത സന്ദര്‍ഭമാണിത്‌. ഉമ്മയില്‍നിന്ന്‌ ഉരക്കടലാസ്‌ വാങ്ങുന്ന -ചിരിച്ചുകൊണ്ടാണവര്‍ വാങ്ങുന്നത്‌, തേപ്പുകാര്‍ ഉരയ്‌ക്കുന്നത്‌ ഉരക്കടലാസല്ല, സാന്റ്‌പേപ്പറാണ്‌ എന്ന്‌ കവിത നിരീക്ഷിക്കുന്നു. ഓര്‍മയുടെയും പ്രവൃത്തിയുടെയും ഭാഷയുടെയും ആള്‍രൂപമായ ഉമ്മയില്‍നിന്ന്‌ ആരും പഠിക്കുന്നില്ല എന്ന ഖേദം കവിതയില്‍ ഇങ്ങനെ രേഖയാവുന്നു. ആഡംബരമില്ലാതെ, സ്ഥലാധിക്യമില്ലാതെ, സന്ദര്‍ഭവൈചിത്ര്യമില്ലാതെ എങ്ങനെ കവിത സംസ്‌കാരത്തിന്റെ പ്രമാണമാകുന്നു എന്നതിന്‌ നല്ലൊരു തെളിവാണ്‌ `സാന്റ്‌പേപ്പര്‍ എന്ന ഈ പുതിയ കവിത. ഇത്തരം അനുഭവങ്ങള്‍ അവഗണിക്കാന്‍ ഏത്‌ നല്ല മലയാളിക്കാണ്‌ അവകാശമുള്ളത്‌?.

-ദേശാഭിമാനി വാരിക 2011 മെയ്.22

അനുനയം

സ്‌നേഹം കൊണ്ട്‌ സ്വന്തമാക്കേണ്ടത്‌
ന്യായം കൊണ്ടു സ്വന്തമാക്കുന്നവന്റെ വിരസത
ചോദ്യം കൊണ്ട്‌ കിട്ടാത്തത്‌
ഭേദ്യം കൊണ്ടു നേടുന്നവന്റെ രസത്തെ
വഴിയില്‍ വച്ചു കണ്ടുമുട്ടി
തമ്മില്‍ സംസാരിച്ചപ്പോള്‍
അവരവരുടെ കുറവുകള്‍
തമ്മില്‍ തമ്മില്‍ നികത്താനാകുമെന്ന്‌ കണ്ട്‌
ലിവിംഗ്‌-- ടുഗതര്‍ തുടങ്ങി

വാടകക്കെടുത്ത ഹൃദയം എന്നു പേരുള്ളൊരു വീട്ടിലായിരുന്നു അത്‌

വാടക കൂടുതലായ കാരണം
കുട്ടികളില്ലാത്ത കപ്പിള്‍സിനെ
ഷെയറിംഗിന്‌ കിട്ടിയിരുന്നെങ്കില്‍
എന്നവരാലോചിച്ച ദിവസം വൈകീട്ട്‌
രണ്ടു കമിതാക്കള്‍ മുറി ചോദിച്ചെത്തി

വിവാഹം എന്നും പ്രണയം എന്നും
പേരുള്ള രണ്ടു വീടുകളിലെ
വഴക്കം എന്നും വഴക്ക്‌ എന്നും പേരുള്ള
രണ്ടു വേലക്കാരായിരുന്നു അവര്‍
മതിലിനിരുപുറം നിന്നുള്ള ഒച്ചയനക്കങ്ങളില്‍ പരിചയപ്പെട്ട്‌ 
ഒളിച്ചോടിയതായിരുന്നു അവര്‍,

തങ്ങളുടെ ചുറ്റുവട്ടത്തെ വാടക വീട്ടില്‍
അനാശാസ്യം നടക്കുന്നെന്ന ആരോപണവുമായി
നാട്ടുകാരായ മാന്യത, ധാര്‍മ്മികത തുടങ്ങിയവര്‍ 
ആളെക്കൂട്ടിത്തുടങ്ങിയതോടെ നാലു പേരുടെയും ജീവിതം ദുസ്സഹമായി
സ്വതന്ത്ര ലൈംഗികത, സാമ്രാജ്യത്വ അജണ്ട എന്നിവര്‍
അവര്‍ക്കെതിരെ സംസാരിച്ചു തുടങ്ങിയതോടെ
പ്രശ്‌നം നാള്‍ക്കുനാള്‍ വഷളായി എന്നു പറഞ്ഞാല്‍ മതിയല്ലോ,

ഇന്നലെ
സദാചാരം എന്ന പോലീസ്‌ വന്നു നാലെണ്ണത്തിനേയും പൊക്കി
പൊക്കി എന്നാല്‍ ഉയര്‍ത്തി എന്നല്ലേ എന്ന്‌ 
സംശയം എന്നു പേരുള്ള നാട്ടുകാരന്‍ സംശയിച്ചു
സംശയിച്ചു എന്നതിന്റെ അവസാനത്തില്‍ ശയിച്ചു എന്നുണ്ടെന്ന്‌ 
തര്‍ക്കം എന്നു പേരുള്ള വേറൊരാള്‍ ചൂണ്ടിക്കാട്ടിയതോടെ 
അവന്‍ നിശ്ശബ്ദനായി,
ഒരു കുടുംബം കലങ്ങാൻ ഇത്രയൊക്കെ മതി,
കലക്കം തെളിയാൻ ഇതൊന്നും പോര.

പാമ്പൻ കുത്ത്*



ആംഗ്രി ബേഡ്സ് കളിച്ചുകൊണ്ടിരിക്കേ
അപ്പിയിട്ടിട്ട് വരാമെന്നു പറഞ്ഞ് പോയ 
മോന്റെ നിലവിളി ടോയിലറ്റിൽ നിന്നും
ഉമ്മീ പാമ്പ്, ഓടി വരണേ, പാമ്പ്.

ഭയന്നു പോയി ഭവനം
അടുത്ത വീടുകൾ പോലും വന്നു
ഭയത്തിൽ പങ്കു ചേർന്നു
ഒറ്റമുറിയിലെ
അടുക്കള കിടപ്പറ കോലായ
ഒന്നിച്ചു ഫണം വിടർത്തി നിന്നു.

'ങ്ങള് ചെല്ല്
എനിക്കു പേടിയാകുന്നു'
അവളു പിന്മാറി
പലമടങ്ങ് ധൈര്യമെടുത്ത്
ചെന്നു നോക്കുമ്പോൾ
വിരയാണ്
തീവ്രഭാവമില്ല
പത്തിപോലുമില്ല
മലത്തൊടുള്ള പ്രതിപത്തിയിൽ
ചത്ത് മലച്ച്,

അയവു വന്ന സംഘർഷത്തോടുള്ള
അവളുടെ അനുശോചനം കേട്ട്
എന്റെ ആത്മ നിന്ദ പോലും ചിരിച്ചുപോയി

"അവനിന്നലെ പള്ളപൊത്തിക്കരഞ്ഞിരുന്നു
പാമ്പൻ കുത്താണെന്ന് ഞാനോർത്തില്ല".

*പാമ്പൻ കുത്ത്: വിരശല്യത്തിനു നാട്ടിൽ പറയുന്ന വാക്ക്.

ജീവിതം മുന്നോട്ടു പേകേണ്ടതിന്റെ ആവശ്യം


സ്വര്‍ണക്കടക്കാരന്‍ ജോസഫ്‌ പറഞ്ഞു
ഇക്കൊല്ലം ഞങ്ങള്‍ക്ക്‌ നൂറാമത്തെ ഷോപ്പ്‌ തുറക്കാനുള്ളതാണ്‌
പലചരക്കു കടക്കാരന്‍ യൂസുഫ്‌ പറഞ്ഞു
ആയിരം ടണ്‍ അരിക്കാണ്‌ ഓഡറു കൊടുത്തിട്ടുള്ളത്‌
എഴുത്തുകാരനോട്‌ ചോദിച്ചു
ആഗോള വല്‍ക്കരണത്തെ കുറിച്ച്‌
ഞാനൊരു നോവലെഴുതിക്കൊണ്ടിരിക്കുന്നു
ഡി.സി ബുക്‌സ്‌ തന്നെ പ്രസിദ്ധീകരിക്കും
വേറൊരെഴുത്തുകാരന്‌
കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌
അടുത്ത തവണ തരപ്പെടാനിരിക്കുകയാണ്‌
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
ചൊല്ലിക്കൊടുത്തതൊക്കെ
ഓതിപ്പഠിക്കുകയാണ്‌ കുട്ടികള്‍
അവരത്‌ ഓതിക്കൊടുക്കുന്നത്‌ കേള്‍ക്കണം
ഭാവി തലമുറകള്‍ക്ക്‌ ദീന്‍ പഠിക്കണ്ടെ
ജീവിതം മുന്നോട്ട്‌ പേകേണ്ടതിന്റെ ആവശ്യകത
പള്ളിയിലെ ഉസ്‌താദ്‌ വിശദീകരിച്ചു
ഒരു ലോട്ടറി എടുത്തിട്ടുണ്ട്‌
നറുക്കെടുപ്പു വരേയെങ്കിലും ഒരു പ്രതീക്ഷയുണ്ടല്ലോ
പഠിപ്പും പത്രാസുമുള്ള യുവാവ്‌ വികാരാധീനനായി
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
വീട്ടില്‍ ചോദിച്ചപ്പോള്‍
മുളകും മഞ്ഞളും ഉണക്കാനിട്ടതല്ലേ എന്നുമ്മ പറഞ്ഞു
മോളെക്കെട്ടിക്കാന്‍ ഉള്ള അറുപതു പവന്‍ ലോക്കറിലുണ്ട്‌
കമ്പ്യൂട്ടറിന്റെ പണിയുള്ള പുതിയപ്പിളയെ
നോക്കിക്കൊണ്ടിരിക്കുന്നതായി അയല്‍വാസി
വിസ വരുന്നുണ്ടെന്ന്‌
സൂപ്പര്‍ മാര്‍ക്കറ്റിലെ പണിക്കാരന്‍
കഴിഞ്ഞ ഉല്‍സവത്തിന്‌ നാടകുത്തുകാരന്‍ കുമാരന്റെ ടീം
ഇരുട്ടടി അടിച്ചതാണ്‌
ഇക്കുറി അതു തിരിച്ചു കൊടുക്കണമെന്ന്‌ പിസി കുമാരന്‍
ജീവിതം മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്‌
ഇനിയുമെത്രയോ
ആവശ്യങ്ങള്‍ പിന്നിലുള്ളതിനാല്‍
മുന്നോട്ടു തന്നെ പോകുന്നതായിരിക്കുമെന്ന്‌
ജീവിതവും ഇതേ ചോദ്യത്തിനു മറുപടി പറഞ്ഞു.

കൂണുകള്‍ കാതുകള്‍

എനിക്കു കഴിക്കാനാവില്ല കൂണ്‍കറി 
ഒട്ടും രസിക്കില്ല
അതിന്റെ രുചിയിലെ
മാംസത്തിന്റേയും മണ്ണിന്റേയും കലര്‍പ്പ്‌

മരിച്ചവരുടെ കാതുകളാണ്‌ കൂണുകളായി
ഭൂമിയില്‍ മുളക്കുന്നത്‌ എന്നെനിക്കുറപ്പാണ്

മഴ ചൊരിയുന്ന രാത്രിയില്‍
ആരും പുറത്തിറങ്ങാത്ത തഞ്ചത്തില്‍
ഇടി വെട്ടുന്ന ഒച്ചയില്‍
ആരെയും കേള്‍പിക്കാതെ
പുറത്തേക്ക് വിടുന്നു അവരവരുടെ കാതുകൾ

അവർക്കും കേൾക്കണ്ടേ
പുറം ലോകത്തെ മൗനങ്ങൾ
ജനിമൃതികൾ അപകട വാർത്തകൾ
പാട്ടുകൾ പരാഗങ്ങളും രാഗദ്വേഷങ്ങളും

നിങ്ങളുടെ മരിച്ചവരെപ്പറ്റി
നല്ലതു മാത്രം പറയുകയെന്ന്‌
പടച്ചവൻ തന്നെ അവന്റെ കിതാബിൽ

അവനവനെ പറ്റി നല്ലതു കേൾക്കാൻ
ആഗ്രഹിക്കാത്ത ആരാണുള്ളത്
സംശയമില്ല, മരിച്ചവരുടെ കാതുകളാണ്‌
കൂണുകളായി ഭൂമിയില്‍ മുള പൊട്ടുന്നത്

കൂണുകളെ കൂട്ടത്തോടെ
പുറത്തേക്കു വരുത്തുന്ന
മിന്നൽ പിണരുകളുണ്ട് പോലും ചിലരുടെ കയ്യിൽ
മരിച്ചവരെ മണ്ണിനടിയിൽ നിന്നും
പുറപ്പെടുവിക്കുന്ന വെളിച്ചം അവരുടെ കയ്യിലുണ്ടാകുമോ
എനിക്കു ചിലരെ കാണാൻ കൊതിയാകുന്നു.

അനാര്‍ക്കലീ,

അനാര്‍ക്കലീ,
നിന്റെ നടത്തങ്ങള്‍
നൃത്തത്തിന്റെ ചുവടുകളായി
ജഹനാരാ,
നിന്റെ നിലവിളികള്‍ കവിതകളായി.

ഉമ്മയോ പെങ്ങളോ അല്ലാത്ത പെണ്ണുങ്ങളേ
നമുക്കിടയിലൂടെ 
അവസാനത്തെ രാജാവിന്റെ 
മുതുകിൽ പതിഞ്ഞ 
അതേ ചാട്ടവാർ പാഞ്ഞു പോകുന്നു.

..........................



പൂവിടുക മാത്രം ചെയ്യുന്ന
ചെടികളായാലും മരങ്ങളായാലും
പിഴുതു കളയണം

വേരു പോലും ബാക്കി വെക്കരുതെന്തെന്നാല്‍
ഇത്തിരി നനവു ചെന്നാല്‍ മതി
ചില അഭ്യാസങ്ങള്‍ കൊണ്ട്‌
തളിര്‍ത്തു വന്ന്‌ രാഷ്ട്രീയം പറയാന്‍ തുടങ്ങും
ചില്ലകളിൽ കൊടികെട്ടും
പരിഭ്രമിപ്പിച്ചു കളയും

കായ്‌ക്കുന്നവ മാത്രം
നനയ്‌ക്കണം തടമെടുക്കണം
വളര്‍ത്തണം
നല്ല മരുന്ന്‌ കുത്തി വച്ച്‌
അരോഗ മൃദുഗാത്രമാക്കണം
കൂടിയ വിലക്കു കൊടുക്കണം

പൂവിടുക മാത്രം ചെയ്യുന്ന
ചെടികളായാലും മരങ്ങളായാലും
പിഴുതു കളയണം.