പൂവരം

(10/10/13)

വെളിച്ചത്തെ
മതിയാവോളം ശ്വസിക്കുന്ന
നമുക്കു മാത്രമറിയുന്ന ഒരു മരം
വേരുകകളെ വായുവും
ജലവും കൊണ്ടയച്ച്
മണ്ണറക്കുള്ളില്‍
ജീവനോടെ അടക്കപ്പെട്ട
മോഹത്തിന്റെ
നമുക്കു മാത്രമറിയുന്ന വിത്തിനെ തൊടുന്നു.

ജീവനോടെ അടക്കപ്പെട്ട
ഒരാള്‍
അവിചാരിതമായി തുറക്കപ്പെട്ട
വാതിലുകള്‍ വഴി
പുറത്തേക്കോടുന്ന വേഗത്തിൽ,

കാത്തുകിടപ്പിന്റെ
ഏകാന്തമായ വിങ്ങലില്‍
ഒറ്റ സ്പര്‍ശത്തില്‍
ഒന്നു പിടഞ്ഞ് വിത്തു മുളപൊട്ടുന്നു.

ആഹ്ലാദത്തിന്റെ പൊട്ടിവിടര്‍ച്ചയില്‍
പൂത്തുലയലില്‍
വിത്തിപ്പോള്‍
പൂക്കള്‍ മാത്രം വരം കിട്ടിയ ഒരു മരം
വെളിച്ചത്തെ ശ്വസിച്ചു മടുത്ത മരത്തിനരികിൽ.

തമ്മില്‍ കണ്ടു കൊതി തീരാത്ത കാരണം
ഇത്ര അടുത്തു നിന്നിട്ടും
ഒന്നു കെട്ടിപ്പിടിക്കാതെ
അവയുടെ ശിഖരങ്ങൾ.

ഓരോ പൂവും ഓരോ ഇലയും
തമ്മില്‍ തമ്മില്‍ മിണ്ടുന്നതിന്റെ
പകര്‍ത്തിയാല്‍ തീരാത്ത ശബ്ദരേഖ കാറ്റിൽ.

No comments:

Post a Comment